2011 മാർച്ച് 14, തിങ്കളാഴ്‌ച

സ്വപ്നം പോലെ

സുഹറ പെരുത്ത്‌ സന്തോഷത്തിലായിരുന്നു. ഇനി ഇപ്പൊ കൊച്ചുമ്മാന്റെ ചീത്ത കേള്‍ക്കണ്ട... മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലത്ത്, അരണ്ട വെളിച്ചത്തിലിരുന്നു, കരി പുരണ്ട കഞ്ഞിക്കലം തേയ്ച്ചു വെളിപ്പിക്കണ്ട... അരികുകള്‍ പൊട്ടി തുടങ്ങിയ സ്ലേറ്റും തേഞ്ഞു തീരാറായ പെന്‍സിലും കൊണ്ടു ക്ലാസ്സു റൂമിന് പുറത്തു മുട്ട് കുത്തി നില്‍ക്കണ്ട... അയല്‍വക്കത്തെ സുനിതാടെ വാപ്പ കൊണ്ടു കൊടുത്ത ചെമന്ന കുപ്പായവുമിട്ടുള്ള അവളുടെ ഗമ കാണണ്ട... എല്ലാം കൊണ്ടും അവള്‍ ആകെ സന്തോഷത്തിലാണ്.

ഏഴ് വെളുത്ത കുതിരകളെ പൂട്ടിയ സ്വര്‍ണ തേരില്‍ വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. അവരും പറഞ്ഞറിയിക്കാനാകാത്ത അത്ര സന്തോഷത്തിലാണെന്നു സുഹ്രക്കു തോന്നി. ഒരു പക്ഷെ അവരും കൊച്ചുമ്മാന്റെ അടുത്ത് നിന്നും രക്ഷ പെട്ടതായിരിക്കും. തീരെ എണ്ണ മയമില്ലാത്ത അവളുടെ മുടിയിഴകള്‍ നനുത്ത കാറ്റില്‍ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു... അവളുടെ മനസ്സിന്റെ കണ്ണാടി പോലെ.

കൊച്ചു കൊച്ചു മേഘങ്ങളെ കടന്നു പോകുമ്പോള്‍ വെറുതെ താഴേക്ക്‌ നോക്കിയിരിക്കാന്‍ നല്ല ചേല് തോന്നി അവള്‍ക്ക്. ഒപ്പമുള്ള കൂട്ടരുടെ ആരവം അവള്‍ പെട്ടെന്ന് തന്നെ മറന്നു.

താഴെ കുന്നിന്‍ പുറത്തു ഇരുട്ട് പരക്കുന്നതും, അവിടിവിടെയായി കൊച്ചു കൊച്ചു മിന്നാമിനുങ്ങ് കണക്കെ രാന്തലുകള്‍ തെളിഞ്ഞു തുടങ്ങുന്നതും അവള്‍ സാകൂതം നോക്കി ഇരുന്നു. അത്തരം കാഴ്ചകള്‍ കാണാന്‍ അവള്‍ക്കെവിടെ നിന്നാണ് സമയം. അന്തിയാവും നേരത്ത് പരീതിന്റെ പീടികയില്‍ മണ്ണെണ്ണ വാങ്ങാനോ, സുനിതന്റെ വീട്ടീന്ന് വെള്ളം കൊണ്ടു വരാനോ ഉള്ള ഓട്ടത്തില്‍ ആയിരിക്കും അവള്‍.

രാത്രി ഏറെ വൈകി വാപ്പ എത്തുന്നതും കാത്തു അവളിരിക്കും. ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ വിളിക്കരുതെന്നാണ് കൊച്ചുമ്മ പറഞ്ഞിട്ടുള്ളത്. അത് കൊണ്ടു തന്നെ വാപ്പാക്ക് വിളമ്പി കൊടുത്ത ശേഷമേ അവള്‍ ഉറങ്ങാറുള്ളൂ. ചിലപ്പോഴെല്ലാം വാപ്പ വേറെ എവിടെന്നെലും കഴിച്ചേച്ചു വരും. അന്ന് മാത്രമെ സുഹ്രയുടെ വയര്‍ നിറയൂ. ഒരിക്കല്‍ പോലും നീ കഴിച്ചോ എന്ന് വാപ്പയും തിരക്കാറില്ല.

ഇന്നു സുന്ദരി ആടിന് ആരാണാവോ വെള്ളം കൊടുത്തതു. അവള്‍ കുടിച്ചു കാണുമോ എന്തോ? കുന്നിന്‍ പുറത്തു നിന്നും അവളെ ആരെങ്കിലും അഴിച്ചു കൊണ്ടു പോന്നോ എന്തോ? ഒരു വേള അവളുടെ മുഖം മ്ലാനമായി. അറിയാതെ ഒരിറ്റു കണ്ണീര്‍ അവളുടെ കവിള്‍തടത്തിലൂടെ അരിച്ചിറങ്ങി.

സുന്ദരിക്ക് കൊടുക്കാന്‍ കുന്നിന്‍പുറത്തെ അമ്മച്ചി പ്ലാവിലെ താഴ്ന്ന കൊമ്പിലെ പ്ലാവില പറിക്കാന്‍ കൈ എത്തിച്ചതും, കാല്‍ ചുവട്ടിലെ ചരല്‍ കല്ലുകള്‍ ഇക്കിളി കൂട്ടി എടുത്തു ചാടിയതും, അവര്‍ക്കൊപ്പം ഇരുട്ട് വീണ പൊട്ടക്കിണറ്റില്‍ വീണതും, ഏറെ കഴിയും മുമ്പൊരു മാലാഘ തന്റെ കൈ പിടിച്ചുയര്‍ത്തിയതും എല്ലാം എല്ലാം അവള്‍ മറന്നേ പോയിരുന്നു.

3 അഭിപ്രായങ്ങൾ:

  1. ഏഴ് വെളുത്ത കുതിരകളെ പൂട്ടിയ സ്വര്‍ണ തേരില്‍ യാത്ര ചെയ്യാന്‍ ഒരു മോഹം
    നന്നായി !!

    മറുപടിഇല്ലാതാക്കൂ
  2. കഥ വായിക്കുമ്പോള്‍ മനസ്സില്‍ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നു...
    കൊള്ളാം...

    മറുപടിഇല്ലാതാക്കൂ