2011 മാർച്ച് 14, തിങ്കളാഴ്‌ച

ഭീകരന്‍

ഞായറാഴ്ച്ചയായതിനാല്‍ ഞാനങ്ങനെ മടി പിടിച്ചു കിടന്നു. പത്രം വന്നു വീഴുന്നതിന്റെയും, പാല്‍ക്കാരന്‍ പാല്‍ കൊണ്ടു വച്ചു സൈക്കിള്‍ മണിയടിച്ചറിയിച്ചതും, അത് പിന്നെ അലിഞ്ഞലിഞ്ഞില്ലാതാവുന്നതും ഞാന്‍ കേട്ടു. ഇടയ്ക്ക് നിശബ്ദമായി, പിന്നീടുച്ചത്തില്‍ കൂവുന്ന കുയിലും, ദൂരത്തെവിടെയോയിരുന്നു അതിനെതിര്‍പാട്ട് പാടുന്ന കുയിലും സജീവമായിരിക്കുന്നു. പിന്നാമ്പുറത്ത് കൂട്ടിയിരുന്ന വെയ്സ്ടിനരുകില്‍ തമ്മില്‍ തല്ലുന്ന കാക്കപ്പടയോട് മാധ്യസ്ഥം പറയുന്ന അണ്ണാറക്കണ്ണന്ടെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാം. എന്നിട്ടും...

കട്ടില്‍ ഭിത്തിയ്ക്കരുകിലെയ്ക്ക് ചേര്‍ത്തിട്ടാണു ഞങ്ങള്‍ കിടക്കുന്നത്. രാത്രിയില്‍ എന്റെ കുഞ്ഞു കാ‍ന്താരി ചാടി മറിഞ്ഞു താഴെപ്പോകാതിരിയ്ക്കാനാണ് അതങ്ങനെ ഇട്ടതു. പക്ഷെ എന്റെ കഷ്ടകാലത്തിനു ആ ഭിത്തിയില്‍ ഒരു ജനല്‍ ഉണ്ടായിപ്പോയി. ആ ഒറ്റക്കാരണത്താല്‍ എന്റെ കുഞ്ഞു കാന്താരിയോ, സ്നേഹമയിയായ ശ്രീമതിയോ ആ വശത്ത് കിടക്കാന്‍ കൂട്ടാക്കാറില്ല. മറ്റൊന്നും കൊണ്ടല്ല, ഇരുവരും വലിയ ധൈര്യശാലികളായത് കൊണ്ടു മാത്രം!

കാന്താരിയ്ക്ക് വയസ്സഞ്ചായി. ഭിത്തിക്കരുകിലെയ്ക്ക് പരമാവധി എന്നെ ചവുട്ടിയടുപ്പിച്ചു, എന്റെ അരക്കെട്ടിലൂടെ കാലെടുത്തുവച്ചു, അതും പോരാഞ്ഞ് കഴുത്തിലൂടെ കൈകള്‍ അലസമായിട്ടിട്ടാണ് മൂപ്പത്തിയാരുടെ കിടപ്പ്. അവളുടെ കിടപ്പിനെക്കുറിച്ചു, നിനക്കൊരു അഞ്ചു സെന്റ് സ്ഥലം വേണമല്ലോ പെണ്ണേ എന്നാണ് ഞാന്‍ സാധാരണ കളിയാക്കാറു തന്നെ! ചിലപ്പോള്‍ ഇങ്ക്ലീഷ് അക്ഷരം 'W' പോലെയും, വേറെ ചിലപ്പോള്‍ 'S' പോലെയും ഒക്കെയാണ് അവളുടെ കിടപ്പ്. കിഴക്കോട്ടു തല വച്ചു കിടത്തുന്ന അവള്‍ ചിലപ്പോഴെല്ലാം പടിഞ്ഞാട്ടു നിന്നു തലയുയര്‍തിയായിരിയ്ക്കും എണീയ്ക്കുക.

കുഞ്ഞു കാന്താരിയിലെ കൌതുകത്തില്‍ നിന്നു അടുക്കളയിലെ ശബ്ദങ്ങളിലേക്ക്‌ എന്റെ ശ്രദ്ധ തിരിഞ്ഞു. ശ്രീമതി തേങ്ങ ചിരകുന്ന ശബ്ദം കേള്‍ക്കാം. അത് കഴിഞ്ഞിട്ട് എണീയ്ക്കാം. അല്ലെങ്കില്‍ നല്ലൊരു ഞായരാഴ്ച്ചയായിട്ടു തേങ്ങയില്‍ നിന്നു തുടങ്ങേണ്ടി വരും. അതല്ലെന്കില്‍ കഴിഞ്ഞ തവണ പരവന്‍ മൂക്കാത്ത തേങ്ങയാണ് മുഴുവന്‍ ഇട്ടു കളഞ്ഞത്, മുഴുവന്‍ ചിരട്ടമേല്‍ നിന്നു വിട്ടു പോരുന്നു...

രാവിലെ പരാതിയും പരിഭവുമായി തുടങ്ങുന്നതെന്തിന്‍. ഞാന്‍ എന്റെ മനോരാജ്യത്തില്‍ മുഴുകി കുറച്ചു നേരം കൂടി അവിടെ കിടക്കാന്‍ തീരുമാനിച്ചു. കാ‍ന്താരി അതെ കിടപ്പാണ്. തലേ രാത്രി അവളുറങ്ങിയെന്നോര്‍ത്തു ഞാന്‍ ശ്രീമതിയ്ക്കടുതെയ്ക്ക് നീങ്ങിക്കിടന്നു. ഒന്നു കെട്ടിപ്പിടിച്ചു. അപ്പോഴേ ഒരു ബഹളം.

"അച്ചന്റെയടുത്തുഎത്ര തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ് എനിയ്ക്ക് സൈഡില്‍ കിടക്കാന്‍ പേടിയാണെന്ന്".

അങ്ങനെ ഇച്ഛാഭന്കത്തോടെ സൈഡ് പറ്റിയതാണ് ഞാന്‍ . പട്ടി ചന്തയ്ക്കു പോയത് പോലുള്ള എന്റെ ജാള്യത കണ്ടിട്ട് ശ്രീമതി ചിരിയടക്കാന്‍ പാടു പെടുന്നത് കാണാമായിരുന്നു. പക്ഷെ അപ്പോഴത്തെ അവളുടെ മുഖത്തിന്‌ അഞ്ചു വയസ്സ് പ്രായം കുറവ് തോന്നിച്ചു. തല്ക്കാലത്തേയ്ക്ക്, അവളുടെ സമൃദ്ധമായ നിതംബത്തില്‍ ഒരു നുള്ള് തരമാക്കി ഞാന്‍ നിര്‍വൃതിയടഞ്ഞു.

പാത്രം തട്ടി മറിച്ചിട്ടു കൊണ്ടുള്ള വലിയൊരു അലര്‍ച്ചയിലെയ്ക്കാണ് പിന്നെ ഞാന്‍ എന്റെ മനോരാജ്യത്തില്‍ നിന്നുമുണര്‍ന്നത്‌. ഉദ്വേഗചിത്തനായി ഞാന്‍ അടുക്കളയിലേയ്ക്കോടി. പെട്ടെന്നുള്ള എന്റെ പ്രവര്‍ത്തിയില്‍ കാന്താരിയും ഒന്നു ഞെട്ടിയെങ്കിലും ഇതൊന്നും തന്നെ ബാധിയ്ക്കുന്ന പ്രശ്നമല്ലെന്ന മട്ടില്‍ അവള്‍ അവിടെ തന്നെ കിടന്നു.

"കാലത്തെ കൈ മുറിച്ചു കാണും. നാശം. ഇതിലും ഭേദം തേങ്ങ ചിരകി കൊടുക്കലായിരുന്നു."

സ്വതേ ചോര പേടിയായ ഞാന്‍ മനസ്സാ പ്രാകിക്കൊണ്ടാണ് അടുക്കളയിലേക്കോടിയതു.

അടുക്കളയില്‍ ഒരു യുദ്ധക്കളത്തിനു സമാനമായി, ചിരകിയ തേങ്ങ അപ്പാടെ തൂവിയിട്ടിരിയ്ക്കുന്നു. ഇത്ര മനോഹരമായി ഇതെങ്ങനെ തൂവിയെന്നു മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഞാന്‍ അവളോട്‌ ചോദിച്ചേനെ? അതിരാവിലെ എഴുന്നേറ്റു നുറുക്കിയെടുത്ത അവിയല്‍, സാമ്പാര്‍ കഷണങ്ങള്‍ എല്ലാം അവിടെ താഴെക്കിടക്കുന്നു.

ശ്രീമതി അടുക്കളയിലെ പാതകത്തില്‍ കയരിയിരുപ്പുണ്ട്. മുഖത്തെ ചോര വറ്റിയിരിയ്ക്കുന്നു. ചുണ്ടുകള്‍ ഉണങ്ങി വലിഞ്ഞു മുറുകി... തെക്കേലെ ഗ്രഹണി പിടിച്ചു കിടക്കണ വലിയമ്മായി ഇതിലും എത്രയോ ഭേദം. എന്റെ ചിന്തകള്‍ ഇത്യാദി കാട് കയറിത്തുടങ്ങി.

തലേന്ന് കടയില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതിച്ചിലഴിച്ചിട്ടതിന്റെ ഇടയ്ക്കെന്തോ അനങ്ങിയതു ശ്രദ്ധിച്ചു തിരിഞ്ഞ എന്റെടുത്ത്‌ ശ്രീമതി വീണ്ടും അലറി.

"കുട്ടാ... ഒരെലി..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ