2011 മാർച്ച് 14, തിങ്കളാഴ്‌ച

ബ്ലോഗിലെ പ്രണയം

കൃത്യമായി പറഞ്ഞാല്‍ അന്ന് ഡിസംബര്‍ മുപ്പത്തി ഒന്നായിരുന്നു. വൈകിട്ട് ആരോടും പറയാതെയാണ് ബീച്ചിലെത്തിയത്. പുതുവല്‍സരത്തെ എതിരേല്‍ക്കുന്ന തിരക്കില്‍ തിരകളും മുഴുകിയിരിക്കുന്നു. നനഞ്ഞു പുതഞ്ഞു കാലടികളെ കെട്ടിപ്പുനര്‍ന്ന ചെറു മണല്‍തരികളെ നോവിയ്ക്കാതെ കുറെ നേരം ചുറ്റി നടന്നു. ഒന്നിലും മനസ്സടങ്ങാതെ നില്‍ക്കുമ്പോള്‍ തോന്നിയ കുസൃതിയില്‍, കപ്പലണ്ടി പൊതിചിലഴിച്ചു, വെറുതെ എഴുതി...

"പ്രിയേ... ഇനിയും കണ്ടു മുട്ടിയിട്ടില്ലാത്ത നിനക്ക്... നറു നിലാവൂറും രാത്രിയില്‍... തിരയില്ലാത്തൊരു ദിവസത്തില്‍... അലതല്ലി ചിരിച്ചൊരുപറ്റം കുഞ്ഞോളങ്ങള്‍ ഈ ദൂത് നിനക്കായ്‌ എത്തിയ്ക്കുമ്പോള്‍ നമുക്ക് പ്രണയിച്ചു തുടങ്ങാം..."

തിരയിലുയര്‍ന്നു വന്ന കുപ്പിയില്‍ നിക്ഷേപിച്ചു ഞാന്‍ ആ ദൂത്...
പിന്നെ വലിച്ചെറിഞ്ഞു... ആകാവുന്നത്ര ദൂരേയ്ക്ക്...
കാരണം പ്രണയം എന്നില്‍ നിന്നുമേറെ ദൂരെയായി മാത്രമേ നില കൊണ്ടിരുന്നുള്ള്...
അതിനിയുമെത്ര നാള്‍...
ആര്‍ത്തലച്ചെത്തിയ ഒരു വലിയ തിര കുപ്പിയെ വലിച്ചിഴച്ചു കൊണ്ടുപോയി...
കാണാമറയത്തേയ്ക്ക്...

പിറ്റേന്ന്... പുതുവല്സരത്തില്‍... ഞാനീ വരികള്‍ എന്റെ ബ്ലോഗിലിട്ടു... ആരും ഇത് വരേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത... വെളിച്ചം കാണാത്ത... ഒരു പിടി അക്ഷരങ്ങളിലോതുക്കി വച്ചിരിക്കുന്ന വേദനകളുടെ ഏടുകളില്‍ പൊടി പിടിച്ചു കിടക്കുവാന്‍ വിധിക്കപ്പെട്ട....എന്റെ ബ്ലോഗിലേക്ക്...

അതിനു കിട്ടിയ comment - ല്‍ പൊട്ടി മുളച്ചു എന്റെ പ്രണയം.
ഞങ്ങളുടെ മാത്രം ബ്ലോഗായി 'പ്രണയം നീല മിഴികളില്‍...' .
എനിക്ക് പറയാനുള്ളത് മുഴുവനും കഥയായും കവിതയായും അതില്‍ നിറഞ്ഞു.
ഞാന്‍ അത്ര മേല്‍ സ്നേഹിച്ച എന്റെ അക്ഷരങ്ങളെ പൊടി പിടിച്ചു കിടക്കാനനുവദിക്കാതെ അവളെന്നുമെന്റെ ബ്ലോഗില്‍ നിറഞ്ഞു നിന്നു.

എനിക്ക് ചുറ്റിനുമുള്ള ഇരുളും വെളിച്ചവും, വെയിലും മഴയും എന്തിന്നു ബ്ലോഗെഴുതുമ്പോള്‍ മുറിക്കു പുറത്തേയ്ക്ക് നോക്കിയിരിക്കാനായി തുറന്നിടുന്ന ജനാലയ്ക്കടുത്തുള്ള പനിനീര്‍ റോസാ കരിഞ്ഞു പോയതും ഞാനറിഞ്ഞില്ല.

ഞാനോ... അവളോ... ഞങ്ങളിരുവരും താന്താങ്ങളുടെ പ്രണയത്തെക്കുറിച്ച് മാത്രം പറഞ്ഞില്ല... പക്ഷെ ഇരുവരും സൂചിപ്പിച്ചിരുന്നത് മുഴുവനും അത് മാത്രമായിരുന്നു താനും... എനിക്കറിയില്ല ഇതെത്രകാലം ഒളിച്ചു വയ്ക്കനാകുമെന്നു... ഒരു പക്ഷെ അവളും അങ്ങനെ തന്നെ വിചാരിയ്ക്കുന്നുണ്ടാവും.

ഞാന്‍ എന്റെ പ്രണയത്തെക്കുറിച്ചവളോട് പറഞ്ഞിട്ടവളത് തിരസ്കരിച്ചാല്‍...
അവളും ഞാന്‍ ചിന്തിക്കുന്ന പോലെ തന്നെ ചിന്തിച്ചാല്‍...

ഇന്ന് ഡിസംബര്‍ മുപ്പത്തിയൊന്നു. മറ്റാരോടും പറയാതെ ഞാന്‍ ബീച്ചിലെത്തി. നേരത്തെ എഴുതി കുപ്പിയിലിട്ട് വച്ചിരുന്ന കൊച്ചു തുണ്ട് പേപ്പര്‍ ഒന്ന് കൂടി നിവര്‍ത്തി വായിച്ചു. വിറയ്ക്കുന്ന എന്റെ കൈ വിരലുകള്‍ക്കിടയിലൂടെ ഒരു കൊച്ചു കാറ്റ് ആ കൊച്ചു കടലാസ് കഷണം തട്ടിത്തെറിപ്പിച്ചു. നുരഞ്ഞു പതഞ്ഞു പൊങ്ങിയ തിരകള്‍ അതാര്‍ത്തിയോടെ തട്ടിപ്പറിച്ചു. പടരുന്ന മാഷിക്കൂട്ടിനിടയിലൂടെ മാഞ്ഞു പോകുന്ന വരികള്‍ ഞാന്‍ ഒരു നോക്ക് കൂടി വായിച്ചു.

"ഞാന്‍ നിന്നെ പ്രണയിക്കുന്നു... എന്നെ ഈ നമ്പരില്‍ വിളിക്കൂ..."
...
...

പുതുവര്‍ഷം പിറന്നു.
പുറത്തു ആഘോഷങ്ങള്‍ തിമര്‍ക്കുന്നു.
ഞാന്‍ ഇതാ എന്റെ ബ്ലോഗില്‍ ഇങ്ങനെ കുറിക്കുന്നു...

തിരകള്‍ അത് കൈക്കലാക്കി...
നിനക്ക് തരാതെ...
നിന്നെ എന്നും പ്രണയിക്കാനായി...
എന്നന്നേയ്ക്കുമായി...

1 അഭിപ്രായം:

  1. പ്രണയം യഥാര്‍ത്ഥമാണെങ്കില്‍, ആത്മാര്‍ത്ഥമാണെങ്കില്‍ അതു തിരിച്ചറിയപ്പെടാതെ പോകുകയില്ല മാഷേ.

    എഴുത്ത് നന്നായിട്ടുണ്ട്, ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ