2011 മാർച്ച് 14, തിങ്കളാഴ്‌ച

കരിന്തിരി

നേരം വെളുത്തു വരുന്നതെ ഉള്ളൂ. നനുത്ത മഞ്ഞിന്റെ മറ പറ്റി ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ പതിവു തിരക്കിലേക്ക് എത്തിപ്പെടാനായി തത്രപ്പെടുന്ന നടത്തക്കാര്‍. ഗ്രൌണ്ടിന്റെ പടിഞ്ഞാറ് വശത്തുള്ള വലിയ ഞാവല്‍ ചുവട്ടില്‍ താന്‍ കാത്തു നില്ക്കാന്‍ തുടങ്ങിയതെപ്പോഴെന്നു മിനിക്ക് തന്നെ നിശ്ചയമില്ല. നാളായി ഇതു വഴി വന്നിട്ട്. അല്ലെങ്കിലും ആര്‍ക്കു വേണ്ടിയാണു താന്‍ ഈ വഴി വരുന്നതു. പത്തു വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നെന്കില്‍...


ഗ്രൌണ്ടിന്റെ മുന്പെയുള്ള കയറ്റം കയറി വരുന്നതിന്റെ ആയാസം ഹരിയുടെ മുഖത്ത് നന്നായി കാണാമായിരുന്നു. അത്കണ്ടിട്ടാവണം മിനിയുടെ മുഖത്തൊരു ചിരി മാഞ്ഞു മറഞ്ഞു... ഏറെ നാളുകള്‍ കൂടി. ഹരി ഇതു വരേയ്ക്കും ഏറെ ഒന്നും മാറിയിട്ടില്ല എന്നവള്‍ക്ക് തോന്നി. ഈ പത്തു വര്‍ഷങ്ങള്‍ക്കിടക്ക് ആദ്യമായാണ് അവനെ ഒന്നു കൂടെ കാണുന്നത് . മനസ്സിനകത്ത് നിന്നും ആരോ ചോദിക്കുന്നു... അതിന് നീ ഈ വഴി വരാറില്ലല്ലോ എന്ന്.


അതെ താന്‍ ഈ വഴിക്കൊന്നും വരാറില്ല. മരിച്ചു കഴിഞ്ഞാല്‍... ആത്മാവുകള്‍ക്ക് അടുക്കലേക്കു എത്തി പെട്ടാല്‍ പിന്നെ, കിട്ടുന്ന സ്വാതന്ത്ര്യം ഒന്നു വേറെ തന്നെ. ആരോടും കടപ്പാടുകളില്ല, ആര്ക്കും വേണ്ടിയും കാത്തു നില്‍ക്കേണ്ടതില്ല, എവിടെയും പോകാം. പക്ഷെ നിര്‍വികാരതയില്‍ ഊന്നിയുള്ള ആത്മാക്കളുടെ ജീവിതം അത്ര എളുപ്പത്തില്‍ സാധ്യമാവഞ്ഞത് കൊണ്ടു മാത്രമാണ് താന്‍ ഈ വഴി വരാതിരുന്നത്. സ്വയം കണ്ടെത്തിയ ഉത്തരത്തില്‍ ഉടക്കി നിന്ന മനസ്സു അതില്‍ നിന്നു വേര്പെട്ടപ്പോഴെക്ക് ഹരി ഇങ്ങു അടുത്തെത്താറായി.


പത്തു വര്‍ഷങ്ങളിലെ ഹരിയുടെ മാറ്റം മുഖത്ത് നിന്നു തന്നെ മിനി കണ്ടു തുടങ്ങി. ഇട തിങ്ങിയ അവന്റെ കറുത്ത ദൃഢമാര്‍ന്ന മുടി ഒരു അഴക്‌ തന്നെ ആയിരുന്നു. അതെ ആയിരുന്നു... പക്ഷെ അതിന്റെ സ്ഥാനത്ത് ഇപ്പോഴുള്ള നല്ല വെളുത്ത കഷണ്ടി കണ്ടപ്പോള്‍ മിനിക്ക് ചിരി അടക്കാനായില്ല. ഇട്ടിരുന്ന ബനിയന്റെ പുറത്തേക്ക് എത്തി നോക്കുന്ന വയറു കൂടി വച്ചു നോക്കുമ്പോള്‍ ഹരിയല്ല, മറിച്ച് ഹരിയുടെ മരിച്ചു പോയ അച്ഛന്‍ അച്യുതക്കുറുപ്പ് മാഷാണോയെന്നു ഒറ്റ നോട്ടത്തില്‍ തോന്നിപ്പോകും.


നടന്നെത്തിയതിന്റെ ക്ഷീണത്തീലാവണം ഞാവല്‍ ചുവട്ടിലെത്തിയ പാടെ ഹരി ഒറ്റ ഇരിപ്പായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ ഇത്ര അടുത്ത് ഹരിയെ കാണുന്നത് ആദ്യമായിരുന്നു. എങ്കിലും എഞ്ചിനീയറിങ്ങിനു പോകുന്നത് വരെയുള്ള വിശേഷങ്ങള്‍ എല്ലാം അണ്ണന്‍ പറഞ്ഞറിയാം. കാരണം കുന്ദപുരത്തെ ശാന്തയുടെ മകന്റെ ഒരേ ഒരു സുഹൃത്തായിരുന്നല്ലോ ഹരി.


കുന്ദപുരത്തെ ശാന്തയുടെ പേരും പെരുമയും കുന്ദപുരവും കടന്നു പോയപ്പോഴാണ് അച്ഛന്‍ ഉപേക്ഷിച്ചത്. കുറുപ്പ് മാഷ്‌ ഒരുപാടു ഉപദേശിച്ചു നോക്കി. പക്ഷെ പേരു ദോഷം അദ്ദേഹത്തിന് കൂടി വന്നു തുടങ്ങിയപ്പോള്‍ അദ്ദേഹവും കൈയൊഴിഞ്ഞു. ജീവിതത്തിലെ വെറുക്കപ്പെട്ട ദിവസങ്ങള്‍.


മണ്ണ് കൊണ്ടു കെട്ടിയുണ്ടാക്കിയ ചുവരുകള്‍... വാതിലുകള്‍ക്ക് മറയായിട്ടിട്ടുള്ള മഞ്ഞ പടരുന്ന... അഴിച്ചു നിവര്‍ത്തെടുത്ത വള ചാക്കുകള്‍ ... ദ്രവിച്ചു തുടങ്ങിയ ഓലകള്‍ ഒടിഞ്ഞു നുറുങ്ങി കാറ്റത്ത്‌ പറന്നു പോകുമ്പോള്‍ വിരുന്നെത്തുന്ന, വെളിച്ചം വരച്ചു കൂട്ടുന്ന, അര്‍ഥം മനസ്സിലാവാത്ത ചിത്രങ്ങള്‍... അവയ്ക്കൊപ്പം തെക്കേ ചായ്പ്പില്‍ നിന്നുയരുന്ന ശ്രുംഗാരങ്ങളിലും, ശീല്ക്കാരങ്ങളിലും, കിതപ്പുകളിലും ഒടുക്കം പടി കടന്നും പോകുന്ന കാലടി ശബ്ദം കേള്‍ക്കുമ്പോഴേക്കും തന്റെ തലയിണ കണ്ണീരില്‍ കുതിരുമായിരുന്നു ആ ദിവസങ്ങളില്‍.


ശാന്തയുടെ മക്കളെന്ന പേരു ദോഷം കൊണ്ടു കൂട്ടുകാര്‍ ഒറ്റപ്പെടുതിയപ്പോഴും ഹരിയയിരുന്നു ഏക ആശ്രയം. ഒരു പക്ഷെ കുറുപ്പ് മാഷടെ ഇഷ്ടം കൊണ്ടാവാം. ക്ലാസ്സില്‍ തരക്കേടില്ലാതെ പഠിച്ചിരുന്നതാവാം അതിന്‍ കാരണം. ഹരി ഒരിക്കലും തന്നോടു അടുത്ത് പെരുമാറിയിട്ടില്ല. എങ്കിലും അണ്ണനോടോത്തുള്ള ചങ്ങാത്തത്തിന്‍റ ഇടയ്ക്കു കിട്ടുന്ന... വളരെ അപ്പൂര്‍വമായ നോട്ടങ്ങളിലും ചിരികളിലും എന്തൊക്കെയോ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാറുണ്ട് എന്നത് സത്യമായിരുന്നു... അതിനുള്ള അര്‍ഹത ഇല്ലയിരുന്നെന്കില്‍ പോലും.


പലരുടെയും പരിഹാസങ്ങളും കുത്ത് വാക്കുകളും സഹിച്ചു ജീവിക്കുന്നതിനിടയിലും അമ്മ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ ആകെ തകര്ന്നു പോയി. ശാന്തെയുടെ മകളെന്ന പേരില്‍ തന്നെ അന്വേഷിച്ചു ആളുകള്‍ എത്തി തുടങ്ങിയപ്പോഴാണ് അണ്ണനെ താന്‍ യഥാര്‍ഥത്തില്‍ സ്നേഹിച്ചു തുടങ്ങിയത്. ഏറെ നാള്‍ അണ്ണന്‍ പിടിച്ചു നിന്നു. അപ്പോഴൊക്കെ കുറുപ്പ് മാഷാണ് സഹായിച്ചത്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ആ ഒരു വെളിച്ചവും അണച്ചു.


ഏതായാലും അമ്മ കാണിച്ച വഴിയേ തന്നെ മകളും എന്നറിഞ്ഞപ്പോള്‍ നാട്ടിലെങ്ങും സന്തോഷമായി. പക്ഷെ തന്നെ പ്രാപിക്കനെതുന്നവരോട്, സ്വബോധത്തോടെ അതിനാവില്ലെന്നു പറഞ്ഞു അവരുടെ ബോധം മറയുന്നത് വരെ വില കുറഞ്ഞ മദ്യവും കുടിപ്പിച്ചു, തന്റെ വസ്ത്രങ്ങളുമനിഞ്ഞു, അവര്‍ക്കൊപ്പം കിടന്നു, അവരുടെ പേക്കൂത്തുകള്‍ മുഴുവന്‍ സ്വയം ഏറ്റു വാങ്ങി തന്നെ സംരക്ഷിച്ച അണ്ണന് അന്ന് വേറൊരു വഴിയുമില്ലായിരുന്നു.


ഉപ്പിട്ട് തിളപ്പിച്ച വെള്ളമൊഴിച്ച് അണ്ണനെ കുളിപ്പിക്കുമ്പോള്‍ ... ചുണ്ടിലും മാറിലും പൊടിഞ്ഞുനങ്ങിയ രക്തക്കരകള്‍ ഒപ്പിയമര്‍ത്തുമ്പോള്‍ നീറിപ്പിടയുന്ന അണ്ണനെ കെട്ടിപിടിച്ചു കരയാനല്ലാതെ താന്‍ എന്ത് ചെയാന്‍.


ഗ്രൌണ്ടില്‍ വച്ചാരോ പെങ്ങളെ കൂട്ടിക്കൊടുക്കുന്നവനെന്നക്ഷേപിച്ചതാണ് തുടക്കം. ഹരി പിടിച്ചു മാറ്റുന്നതിന് മുന്പേ തന്നെ അണ്ണന്‍ ഒരു വലിയ കല്ലെടുത്ത്‌ അയാളുടെ തലയ്ക്കു ഇടിച്ചിരുന്നു. അന്ന് രാത്രി ഏറെ വൈകിയാണ് അണ്ണന്‍ വീട്ടിലെത്തിയത്. പലരും അതിനിടക്ക് അവിടെ വന്നു പോയി. മുറ്റത്തെ മുല്ലപ്പടര്‍പ്പില്‍ ഒളിച്ചിരിന്നോലാന്‍ അണ്ണന്‍ പറഞ്ഞിട്ടുള്ളത് അക്ഷരം പ്രതി അനുസരിച്ചത് കൊണ്ടു ആരും കണ്ടില്ല. പലരുടെയും സംസാരത്തില്‍ നിന്നു തന്നെ ഏതാണ്ടൊക്കെ ഊഹിക്കാന്‍ കഴിഞ്ഞു.


എല്ലാം തുറന്നു പറഞ്ഞു തനിക്ക് നേരെ നീട്ടിയ ഐസ്ക്രീം വാങ്ങിക്കഴിക്കാന്‍ വിഷമം ഒട്ടുമേ ഉണ്ടായിരുന്നില്ല. അണ്ണനെ കെട്ടിപ്പിടിച്ചു പിടയുമ്പോള്‍ അണ്ണന്റെ ചൂടു കൂടി വരുന്നതായും, പൊട്ടിപ്പൊളിഞ്ഞ ഓലകീരുകല്‍ക്കിടയിലൂടെ നക്ഷത്രങ്ങള്‍ തന്റെ അടുത്തേക്ക് വരുന്നതായും, അവയ്ക്കിടയില്‍ നിന്നൊരു കൊച്ചു മാലാഖ തന്നെ കൈ പിടിച്ചുയര്‍ത്തി ഒരു സ്വര്‍ണ കസേരയില്‍ ഇരുത്തുന്നതായും താന്‍ അറിയുന്നുണ്ടായിരുന്നു.



അവിടെ ഇരുന്നപ്പോള്‍ താഴെയുള്ള ഓലക്കുടില്‍ ആരോ പൊളിച്ചു മാറ്റുന്നതും അണ്ണനെ വലിച്ചിഴയ്ക്കുന്നതും പിന്നെ കാറ്റും വെളിച്ചവും കടക്കാത്ത ഒരു കൊച്ചു മുറിയില്‍ ഇട്ടു പൂട്ടുന്നതും അവള്‍ കണ്ടു.



ഞാവല്‍ ചുവട്ടിലിപ്പോള്‍ സാമാന്യം വെളിച്ചമായി. ജയിലെ സല്പ്രവര്തികള്‍ കൊണ്ടു ജീവപര്യന്തം ശിക്ഷയിലെ ഇളവ് നേടിയ തടവുകാരിലോരാള്‍ തന്റെ പ്രിയ സുഹൃതാണെന്ന വാര്‍ത്തയും വായിച്ചു കൊണ്ടാണ് ഹരി അവിടെ നിന്നും എഴുന്നേറ്റത്‌. തന്റെ ചുറ്റിനും തനിക്ക് വളരെ ഇഷ്ടമുള്ള ആരോ ഉണ്ടെന്നുള്ള തോന്നലായിട്ടോ എന്തോ, ഹരി ചുറ്റിനും ആരെയോ തിരയുന്നത് മിനി കണ്ടു. മുന്നോട്ടാഞ്ഞ ഹരിയുടെ ചുമലില്‍ അവള്‍ ഒന്നു തൊട്ടു.