2011 മാർച്ച് 14, തിങ്കളാഴ്‌ച

രേഖ ടീച്ചര്‍

ചടങ്ങ് മുഴുവനുമാക്കനായി അവിടെ നില്ക്കാന്‍ കഴിഞ്ഞില്ല. പുറകോട്ടു തിരിഞ്ഞപ്പോല്‍ത്തന്നെ പിന്നിലുള്ളവരെല്ലാം വഴി ഒഴിഞ്ഞു തന്നു. സ്കൂളിലെ മറ്റു സഹപ്രവര്‍ത്തകരോടൊന്നും യാത്ര പറയാന്‍ നിന്നില്ല. ക്ലാസ്സിലെ ചില കുട്ടികള്‍ കണ്ടപ്പോള്‍ ബഹുമാനപുരസ്സരം ഒതുങ്ങി നിന്ന് വഴി തന്നു. എല്ലാവരുടെയും മുഖത്ത് വിഷാദഛായ.

ഉച്ചക്ക് മുന്നേ തുടങ്ങിയ മഴച്ചാറ്റല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് തന്നെയല്ല അല്പം ശക്തി പ്രാപിക്കുക കൂടി ചെയ്തിരിക്കുന്നു. പടിപ്പുരക്കടുത്തെത്തിയപ്പോള്‍ പരിച്ചയക്കാരാരോ കവല വരെ കൊണ്ടാക്കാമെന്ന് പറഞ്ഞതാണെങ്കിലും സ്നേഹപൂര്‍വ്വം നിരസിച്ചു. പടിപ്പുരക്കു പുറത്തേയ്ക്ക് നീണ്ടു പരന്നൊഴുകുന്ന നീര്‍ച്ചാല്‍ കടന്നു മുന്നോട്ടഞ്ഞപ്പോഴേക്കും തെക്കിനിയില്‍ നിന്ന് ഗീതു മോളുടെ കരച്ചില്‍ ഉയര്‍ന്നു കേട്ടു. ഇനിയിപ്പോള്‍ ആരും വരാനില്ലെന്നും, എടുക്കരായെന്നും പറഞ്ഞു ചുറ്റിനും കൂടിയിരുന്നവര്‍ പടിപ്പുരക്കകത്തേയ്ക്ക് കയറാനായി തിരക്ക് കൂട്ടി.

കവലയിലേക്കിനി രണ്ടു കിലോമീറ്റര്‍ ഉണ്ടാവും. ഒരു പക്ഷെ തനിയെ പോന്നത് നന്നായി എന്ന് മാഷ്ക്ക് തന്നെ തോന്നി. ഒരാഴ്ചയായി മനസ്സിനകത്തുള്ള ഭാരം ഒരിറ്റു കുറയ്ക്കാന്‍ ഈ നടപ്പ് സഹായിച്ചെങ്കിലോ?

ഒരുമിച്ചു ഒരേ ക്ലാസ്സില്‍ പഠിച്ചു, ഒരേ കോളേജില്‍ പഠിച്ചു, ഒരേ സ്കൂളില്‍ ജോലിക്ക് കയറി... ഇത്ര നാള്‍ ഒരുമിച്ചു നിന്നിട്ട് ഇന്നൊരു ദിവസം ഒന്നും മിണ്ടാതെ... ഒരു യാത്ര പോലും പറയാതെ...

വഴിയില്‍ ആരുമില്ലായിരുന്നു. മഴയുടെ ചില താളങ്ങള്‍ മാത്രം, ശ്രത്‌ധിക്കാതിരിക്കുമ്പോള്‍ തീരെ ലോലവും, അല്പം ശ്രദ്ധിച്ചാല്‍ ഘോരവും വന്യവുമായ മുരള്‍ച്ചയുമായി കേള്‍ക്കാം. നീണ്ട വഴിയുടെ ഇരുവശതായി പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍. അവ പൊഴിച്ചിട്ടിരിക്കുന്ന മഞ്ഞപ്പൂക്കള്‍ പെറുക്കി അങ്ങ് ദൂരെയായി... മഴയുടെ മറയില്‍ വ്യക്തമായി കാണുവാന്‍ വയ്യ...

കരഞ്ഞു കൊണ്ട് നില്‍ക്കുന്ന അമ്മുവേ മാറോടു ചേര്‍ത്ത് നിറുത്തിയാണ് രേഖ അത് പറഞ്ഞു മുഴുവനാക്കിയത്. മാഷും കൂടിയാണ് അന്ന് അമ്മുവിനെ രേഖ ടീച്ചറുടെ അടുത്ത് നിറുത്തിയത്. അതെ ചൊല്ലിയാണ് ടീച്ചറും സന്തോഷും തമ്മില്‍ വാക്കേട്ടമുണ്ടായത്. പിറ്റേന്ന് സ്കൂളിലേക്കുള്ള വഴിയില്‍ വച്ചാണ് സന്തോഷ് ടീച്ചറുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്.

മഴയ്ക്കുമപ്പുറത്തുള്ള കണിക്കൊന്ന കാണാറാവും വിധമുള്ള ഇടി മിന്നലാണ് മാഷേ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തിയത്. അതെ രേഖ തന്നോടുന്നും പറയാതെയല്ല പോയത്.

രേഖയുടെ ക്ലാസ്സിലെ മിടുക്കിയായ കുട്ടിയായിരുന്നു അമ്മു. കുറച്ചു ദിവസം മുന്‍പ് അവളുടെ അമ്മാവന്‍ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു അവള്‍. പക്ഷെ അമ്മാവന്‍ എത്തിയതിനു ശേഷം അവളുടെ മുഖം മ്ലാനമായിരുന്നു. പിന്നൊരു ദിവസം ക്ലാസ്സില്‍ വളരെ പ്രയാസപ്പെട്ടിരിക്കുന്നത് കണ്ടിട്ടാണ് രേഖ കാര്യങ്ങള്‍ തിരക്കിയരിഞ്ഞത്.

ആ കുഞ്ഞു ദേഹത്തെ മുറിവുകളിലും മറ്റും വിരലൂടിക്കുമ്പോള്‍ അമ്മയാകനാവാത്ത വേദന ഒരു അനുഗ്രഹമായി തോന്നിയെന്ന് രേഖ പറഞ്ഞത് ഇത്ര വേഗമൊരു യാത്രപറച്ചിലിലേയ്ക്ക് എത്തുമെന്ന് മാഷും കരുതിയിരുന്നില്ല,

രേഖ തന്നെയാണ് പോലീസിലറിയിച്ചതും, അമ്മുവേ തന്റെ തന്നെ വീട്ടിലേക്കു കൊണ്ട് പോയതും. സന്തോഷാണ് അമ്മുവിന്റെ അമ്മാവന്‍ എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ...

ഇല്ല രേഖ ഒരിക്കലും സമ്മതിക്കില്ലായിരുന്നു...

മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല. ബസ് സ്റ്റോപ്പില്‍ കെട്ടിക്കിടന്നിരുന്ന ചെളി വെള്ളം തൂവിപ്പാഞ്ഞ വണ്ടിയില്‍ നിന്ന് മാഷ്‌ കഷ്ടിച്ച് രക്ഷപ്പെട്ടു. ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ മാഷിന്റെ മനസ്സ് പഴയതിലും കനത്തിരുന്നു. രേഖ ടീച്ചറെ നഷ്ടപ്പെട്ടു. ഇനി അമ്മുവോ? രേഖ തന്റെ അടുത്തല്ലേ തിരക്കുക!

1 അഭിപ്രായം: