2011 മാർച്ച് 14, തിങ്കളാഴ്‌ച

വളപ്പൊട്ട്

യാദൃചികമായാണ് ഇലക്ഷന്റെ അന്ന് ഒക്കല്‍ക്ക് പോകാന്‍ തീരുമാനിച്ചത് വഴിയില്‍ വാഹനങ്ങളുടെ തിരക്ക് തീരെ ഇല്ല. ബൂത്തുകള്‍ക്ക് മുന്നിലുള്ള ചെറിയ ക്യു ഒഴിച്ചാല്‍ വോട്ടു ചെയാനും വലിയ തിരക്ക് കണ്ടില്ല. നളെക്കൂടി ലീവ് പറഞ്ഞിട്ടുള്ളത് കൊണ്ടാ ഒക്കല്‍ക്ക് പോകാമെന്ന് തന്നെ വച്ചത്. വാഹനങ്ങള്‍ കുറവായത് പോലെ തന്നെ ബസ്സ് പിടിക്കാനും ബുദ്ധിമുട്ടി.

തൃപ്പൂണിത്തുറയില്‍ നിന്നുള്ള ആ ബസ്സ് ഏതൊക്കെയോ ഉള്ളു വഴിയില്‍ക്കൂടി ഓടി പെരുംബാവൂരെതിയപ്പോഴേക്കും മണി അഞ്ചു കഴിഞ്ഞു . അവിടെ നിന്നും കാലടിക്കുള്ള വണ്ടി കിട്ടാന്‍ പിന്നെയും താമസിച്ചു. വോട്ടിംഗ് സമയം കഴിയാറായപ്പോഴേക്കും പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കുണ്ട്‌.

ഒക്കല്‍ക്ക് അടുക്കാരായപ്പോഴാണ് മതിലില്‍ ഒട്ടിച്ചിരിക്കുന്ന പോസ്ടരുകളിലെ മുഖം ഞാന്‍ ശ്രദ്ധിച്ചത്. ഒക്കല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി...

ഒക്കല്‍ നിന്നു പെരുമറ്റത്തേയ്ക്കു രണ്ടു രണ്ടര കിലോ മീറ്റര്‍ നടക്കണം. സ്റ്റാന്‍ഡില്‍ ഓട്ടോ കിടക്കുന്നുണ്ട്‌. പത്തു മുപ്പതു വര്‍ഷം കഴിഞ്ഞില്ലേ ഇതു വഴിയൊക്കെ വന്നിട്ട്, പഴയ വഴിയൊക്കെ ഒന്നു കൂടി ഓര്‍മിക്കനായി നടക്കാമെന്ന് വച്ചു.

ഒക്കല്‍ എല്‍ പി സ്കൂളിന്റെ ഗേറ്റ് വരെ പോയി നോക്കി നിന്നു. തുരുമ്പു വീണ ഗേറ്റിന്റെ വലതു വശത്തുള്ള മഞ്ഞ പൂ ഉതിര്‍ത്തു വീഴ്ത്തുന്ന തണല്‍ മരം ഇപ്പോഴുമുണ്ട്. ഒട്ടേറെ പിണക്കങ്ങളും പരിഭവങ്ങളും ഉള്ളിലോതുക്കിയുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ ഒന്നു വാരിപ്പുനരാന്‍ തോന്നി. എന്തോ കണ്ണ് നിറയുന്നു.

പരിചയക്കാരെ ആരെയും കണ്ടില്ല. അല്ലെങ്കിലും ഇത്രേം വര്‍ഷത്തിനിടക്ക് താന്‍ ഇവിടുള്ള ആരുമായും ഇടപഴകാരില്ലല്ലോ? അങ്ങനെയാനങ്കില്ലല്ലേ ആരെങ്കിലും പരിച്ചയക്കാരുണ്ടാവൂ.

ഇലക്ഷന്‍ ഡ്യുട്ടിയിലുള്ള പോലീസുകാരന്‍ അടുത്തേക്ക് വന്നപ്പോള്‍ ഒന്നു പരുങ്ങി. വായില്‍ വന്നതെന്തോ പറഞ്ഞു അയാളുടെ അടുത്ത് നിന്നും നടന്നു നീങ്ങി. എന്തോ സംശയം തോന്നിയിട്ടായിരിക്കാം അയാള്‍ അവിടെ തന്നെ നിന്നു, കണ്മരയുന്നത് വരെ, തന്നെത്തന്നെ ശ്രദ്ധിച്ചു നില്ക്കുന്നത് ഇടക്കിടെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടിരുന്നു.

ട്രാന്‍സ്ഫോര്മാറിന്റെ ഇടത്തേക്കുള്ള കനാല് വഴി പോയാല്‍ നമ്പളിക്കവല ചുറ്റണ്ട. കനാലിനു വലതു വശതായുള്ള ഷാപ്പ്‌ ഇപ്പോഴോന്നു നല്ലോണം പുരോഗമിച്ചിട്ടുണ്ട്. അതിനിപ്പുരതുണ്ടായിരുന്ന പാടം ഏതാണ്ട് മുഴുവനുമായും നികത്തിക്കഴിഞ്ഞിരിയ്ക്കുന്നു.

കനാലിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ചില സ്ത്രീകള്‍ തുണിയലക്കി ഊരിപ്പിഴിഞ്ഞു കൊണ്ട് നാട്ടു വിശേഷങ്ങള്‍ പറഞ്ഞു നില്‍ക്കുന്നു. കലുങ്കിലെ വെള്ളം തൊടിയിലേയ്ക്ക് തിരിചു വിടാനായി തൂമ്പയും കൊണ്ട് വന്നയാള്‍ അടുത്ത പരിച്ചയക്കരനെപ്പോലെ ലോഹ്യം നടിച്ചു. മുഖത്തൊരു കോടിയ ചിരി വരുത്തി അവിടെ നിന്ന് നടന്നു നീങ്ങി. അയാള്‍ അവിടെ തുണി നനച്ചു കൊണ്ട് നിന്ന പെണ്ണുങ്ങളോടെന്തോ പറയുന്നതും അവര്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നതും ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു.

കനാല്‍ നേരെയെത്തുന്നത് നമ്പളിക്കവലയില്‍ നിന്നുള്ള റോഡിലാണ്. അവിടെ നിന്ന് പടിഞ്ഞാട്ടു പിന്നെയും ഒരുപാട് പോകണം പെരുമറ്റത്തേയ്ക്ക്. പരിച്ചയക്കരാരുമില്ലത്തത് കൊണ്ട് വേഗത്തില്‍ നടക്കാമായിരുന്നിട്ടും, കൊച്ചുന്നാളിലെ സമൃദ്ധങ്ങളായ, പ്രത്യേകിച്ച് ഗൃഹാതുരുത്വമേകുന്ന ആ അന്തരീക്ഷത്തില്‍ , ഓര്‍മ്മകള്‍ അയവിറക്കി സാവധാനമാണ്‌ നടന്നത്.

ഇടയ്ക്കെപ്പോഴോ തന്നെ കടന്നു പോയ സൈക്കിളുകാരന്‍ തിരിഞ്ഞു വന്നു ചോദിച്ചു,

"അപ്പു...?"

വിശ്വാസം വന്നില്ല! മുപ്പതു വര്‍ഷത്തിനു ശേഷവും ഒരു സതീര്‍ഥ്യന്‍ തന്നെ തിരിച്ചറിഞ്ഞിരിയ്ക്കുന്നു.

പണ്ട് തത്തുപറയില്‍ തേങ്ങ ഇടാന്‍ വന്നിരുന്ന വാസുചെട്ടന്റെ മകന്‍ . ഏതാണ്ട് മൂന്ന് വര്‍ഷത്തോളം പെരുമറ്റത്തു നിന്ന് ഒക്കല്‍ വരെയും, തിരിച്ചുമുള്ള ചങ്ങാതി. അവന്റെ ശബ്ദം പോലും ഒന്ന് കേട്ടിട്ട് വര്‍ഷങ്ങളായി.

നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അമ്മയ്ക്ക് പട്ടണത്തിലെയ്ക്ക് മാറ്റം കിട്ടിയതിനെ തുടര്‍ന്ന് നഷ്ടപ്പെട്ടതാണ് ആ ചങ്ങാതിയെ. പെരിയാറ്റിലെ മണലൂറ്റുന്ന ഒരു തൊഴിലാളിയാണവനിന്നു. അവന്റെയൊപ്പം കടവില്പ്പോയി ആ മുപ്പതു വര്ഷങ്ങളിലറ്റുപോയ സൌഹൃദങ്ങളില്‍ ചികയുംബോളാണ് വഴിവക്കിലെ പോസ്ടരിലെ മുഖം വീണ്ടും കടന്നു വന്നത്.

ഒക്കല്‍ സ്കൂളിലെ അവസാന ദിവസം... കൂട്ടരേ പിരിയുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. ഒടുക്കം ഒരു യാത്ര പറച്ചില്‍ വേണ്ടന്നെടുത്ത തീരുമാനം. പുറത്തു പൊള്ളുന്ന വെയില്‍ . പടിഞ്ഞാറെ പുരയ്ക്കകത്തു വാതില്‍ അടച്ചിട്ടു കരഞ്ഞു. അമ്മുമ്മ മാത്രം തൊടിയിലെ ജാതി മരത്തിന്റെ ചുവട്ടില്‍ പൊട്ടി വീണ ജാതിക്ക പെറുക്കി നടന്നു.

പടിപ്പുരയ്ക്കകപ്പുറത്തു നിന്നാരോ ഉച്ചത്തില്‍ വിളിച്ചു പറയുന്നു.

"അപ്പൂ .. ലക്ഷ്മി കാണാന്‍ വന്നിരിയ്ക്കുന്നു..."

വല്ലാത്തൊരു വീര്‍പ്പുമുട്ടലോടെ ഞാന്‍ പുറത്തേയ്ക്കോടി. അവളെന്നെ അത്ര മേല്‍ സ്നേഹിച്ചിരുന്നുവെന്നോ? അവിശ്വസിനീയതയോടെ മുന്നോട്ടു പാഞ്ഞ എന്നെ അമ്മുമ്മ തടഞ്ഞു.

അടഞ്ഞ പടിപ്പുരയ്ക്കു പുറത്തു അവള്‍ നിശബ്ദം കരഞ്ഞിരിയ്ക്കണം. അമ്മയുമായി പിണങ്ങിപ്പിരിഞ്ഞു നടക്കുന്ന അച്ഛന്‍ ഇടയ്ക്കെപ്പോഴെല്ലമോ കൊണ്ട് കൊടുക്കുന്ന, മിഠായിപ്പൊതികള്, ഒക്കല്‍ സ്കൂളിന്റെ തുരുമ്പു പിടിച്ച് ഗേറ്റിനിടയ്ക്കു കൂടി വാങ്ങി, ക്ലാസ്സ് മുറിയിലിരുന്ന് മറ്റാരും കാണാതെ വിതുമ്പി കരയുന്ന, സങ്കടം മാറുമ്പോള്‍ മിഠായി പങ്കു വയ്ക്കനെതുന്ന അത്ര നിഷ്കലന്കയായ കൂട്ടുകാരി... എന്നെക്കനാനായി ഓടി വന്ന നിന്നെ സ്വീകരിയ്ക്കാനായി പടിപ്പുര തുറന്നിടാഞ്ഞതില്‍ എന്നോട് മാപ്പ് നല്‍കൂ.

അതെ വിഷാദഛായ തന്നെ ഇപ്പോഴും പോസ്ടരുകളില്‍ ...
എങ്കിലും ആരോടും പരിഭവമില്ലാതെ...
പിണക്കമില്ല്ലാതെ...
അന്ന് വന്നിട്ടൊന്നുമെനിയ്ക്കു തന്നില്ലെന്ന ഖേദം തെല്ലും വേണ്ട നിനക്ക്...
പണ്ടോടിക്കളിച്ചപ്പോള്‍ ...
കൂട്ടിയിടിച്ചു വീണു പൊട്ടിയ കുപ്പിവളയിലോന്നിന്റെ...
പൊട്ടു പൊടികളിന്നും സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു ഞാന്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ